മനുഷ്യജീവിതത്തിന്‍റെ മര്‍മ്മം

മനുഷ്യജീവിതത്തിന്‍റെ മര്‍മ്മം

നിങ്ങള്‍ ഈ ലോകത്തില്‍ ജീവിക്കുന്നത് എന്തിനെന്നും നിങ്ങളുടെ ജീവിതത്തിന്‍റെ ഉദ്ദേശ്യം എന്തെന്നും അറിയുവാന്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഈ മര്‍മ്മത്തിന്‍റെ പൂട്ട് തുറക്കുവാന്‍ ആറ് താക്കോല്‍ ഉണ്ട്.

1. ദൈവത്തിന്‍റെ പദ്ധതി

മനുഷ്യനിലൂടെ സ്വയം ആവിഷ്കരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു (റോമ.8:29). ഇതിനായി, അവന്‍ തന്‍റെ സ്വന്ത സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു (ഉല്പ.1:26). ഒരു കയ്യുറ ഒരു കൈ ഉള്‍ക്കൊള്ളുവാനായി ഒരു കയ്യുടെ സ്വരൂപത്തില്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ, മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത് ദൈവത്തെ ഉള്‍ക്കൊള്ളുവാനായി ദൈവത്തിന്‍റെ സ്വരൂപത്തിലാണ്. തന്‍റെ ഉള്‍നിറവായി ദൈവത്തെ സ്വീകരിക്കുന്നതുമൂലം, മനുഷ്യന് ദൈവത്തെ ആവിഷ്കരിക്കുവാന്‍ കഴിയും (2 കൊരി.4:7).

2. മനുഷ്യന്‍

ദൈവം, തന്‍റെ പദ്ധതി നിറവേറ്റുവാന്‍, മനുഷ്യനെ ഒരു പാത്രമായി ഉണ്ടാക്കി (റോമ.9:21-24). ഈ പാത്രത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ട്: ശരീരവും ദേഹിയും ആത്മാവും (1 തെസ്സ.5:23). ശരീരം ഭൗതിക മണ്ഡലത്തിലുള്ള വസ്തുക്കളുമായി ബന്ധപ്പെടുകയും അവ സ്വീകരിക്കുകയും ചെയ്യുന്നു. മാനസിക ശേഷിയായ ദേഹി, മനഃശാസ്ത്രപരമായ മണ്ഡലത്തിലുള്ള കാര്യങ്ങളുമായി ബന്ധപ്പെടുകയും അവ സ്വീകരിക്കുകയും ചെയ്യുന്നു. മനുഷ്യന്‍റെ ഏറ്റവും ഉള്ളിലുള്ള ഭാഗമായ മനുഷ്യാത്മാവ്, ദൈവവുമായിത്തന്നെ ബന്ധപ്പെടുവാനും അവനെ സ്വീകരിക്കാനുമായി ഉണ്ടാക്കപ്പെട്ടിരിക്കുന്നു (യോഹ.4:24). മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അവന്‍റെ ആമാശയം ഭക്ഷണം ഉള്‍ക്കൊള്ളുവാനോ, അവന്‍റെ മനസ്സ് അറിവ് ഉള്‍ക്കൊള്ളുവാനോ മാത്രമല്ല, അവന്‍റെ ആത്മാവ് ദൈവത്തെ ഉള്‍ക്കൊള്ളുവാനുമാണ് (എഫെ.5:18).

3. മനുഷ്യന്‍റെ വീഴ്ച

മനുഷ്യന്, തന്‍റെ ആത്മാവിലേക്ക് ദൈവത്തെ സ്വീകരിക്കുവാന്‍ കഴിയുന്നതിനുമുമ്പ്, പാപം അവനിലേക്ക് പ്രവേശിക്കുകയും (റോമ.5:12), പാപം അവന്‍റെ ആത്മാവിനെ മരിപ്പിക്കുകയും (എഫെ.2:1), അവന്‍റെ മനസില്‍ അവനെ ദൈവത്തിന്‍റെ ശത്രു ആക്കിത്തീര്‍ക്കുകയും (കൊലൊ.1:21), അവന്‍റെ ശരീരത്തെ പാപനിര്‍ഭരമായ ജഡമായി മാറ്റുകയും ചെയ്തു (ഉല്പ.6:3, റോമ.6:12). അങ്ങനെ, പാപം മനുഷ്യന്‍റെ മൂന്നു ഭാഗത്തിനും കോട്ടം വരുത്തുകയും അവനെ ദൈവത്തില്‍നിന്ന് അകറ്റുകയും ചെയ്തു. ഈ അവസ്ഥയില്‍, മനുഷ്യന് ദൈവത്തെ സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല.

4. ദൈവത്തിന്‍റെ പകര്‍ച്ചയ്ക്കുവേണ്ടി ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ്

എന്നാലും, മനുഷ്യന്‍റെ വീഴ്ച ദൈവത്തിന്‍റെ മൗലിക പദ്ധതി നിറവേറ്റുന്നതില്‍നിന്ന് ദൈവത്തെ പിന്തിരിപ്പിച്ചില്ല. തന്‍റെ പദ്ധതി സാധിക്കുന്നതിന്, ദൈവം യേശുക്രിസ്തു എന്ന് വിളിക്കപ്പെട്ട ഒരു മനുഷ്യന്‍ ആയിത്തീര്‍ന്നു (യോഹ.1:1,14).പിന്നീട് മനുഷ്യനെ വീണ്ടെടുക്കുവാന്‍ ക്രിസ്തു ക്രൂശില്‍ മരിക്കുകയും (എഫെ.1:7), അങ്ങനെ, അവന്‍റെ പാപത്തെ നീക്കുകയും (യോഹ.1:29), അവനെ ദൈവത്തിങ്കലേക്ക് മടക്കിവരുത്തുകയും ചെയ്തു (എഫെ. 2:13).ഒടുവില്‍ പുനരുത്ഥാനത്തില്‍, മനുഷ്യന്‍റെ ആത്മാവിലേക്ക് തന്‍റെ അപ്രമേയമാംവണ്ണം സമ്പന്നമായ ജീവന്‍ പകരത്തക്കവണ്ണം (യോഹ.20:22; 3:6) അവന്‍ ജീവിപ്പിക്കുന്ന ആത്മാവ് ആയിത്തീരുകയും ചെയ്തു (1 കൊരി.15:45b).

5. മനുഷ്യന്‍റെ വീണ്ടുംജനനം

ക്രിസ്തു ജീവിപ്പിക്കുന്ന ആത്മാവ് ആയിത്തീര്‍ന്നതുകൊണ്ട്, മനുഷ്യന് ഇപ്പോള്‍ തന്‍റെ ആത്മാവിലേക്ക് ദൈവജീവന്‍ സ്വീകരിക്കുവാന്‍ കഴിയും. വേദപുസ്തകം ഇതിന് വീണ്ടുംജനനം എന്ന് പറയുന്നു (1 പത്രൊ. 1:3; യോഹ.3:3). ഈ ജീവന്‍ സ്വീകരിക്കുവാന്‍, മനുഷ്യന്‍ ദൈവത്തോട് അനുതപിക്കുകയും, കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യണം (പ്രവൃ. 20:21; 16:31).

വീണ്ടും ജനിക്കുവാന്‍, കര്‍ത്താവായ യേശുവിങ്കലേക്ക് തുറന്ന നിസ്വാര്‍ത്ഥമായ ഹൃദയത്തോടെ വന്ന് ഇപ്രകാരം പറയുക:

കര്‍ത്താവായ യേശുവേ, ഞാന്‍ ഒരു പാപിയാണ്. എനിക്ക് നിന്നെ ആവശ്യമാണ്. എനിക്കുവേണ്ടി മരിച്ചതിനായി നിന്നെ ഞാന്‍ സ്തുതിക്കുന്നു. കര്‍ത്താവായ യേശുവേ, എന്നോട് ക്ഷമിക്കണമേ. എല്ലാ പാപങ്ങളില്‍നിന്നും എന്നെ കഴുകണമേ. മരിച്ചവനില്‍നിന്ന് നീ ഉയിര്‍ത്തെഴുന്നേറ്റു എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ രക്ഷകനും ജീവനുമായി ഇപ്പോള്‍തന്നെ ഞാന്‍ നിന്നെ സ്വീകരിക്കുന്നു. എന്നിലേക്കു വരണമേ! നിന്‍റെ ജീവന്‍കൊണ്ട് എന്നെ നിറയ്ക്കണമേ! കര്‍ത്താവായ യേശുവേ, നിന്‍റെ ഉദ്ദേശ്യത്തിനുവേണ്ടി ഞാന്‍ എന്നെത്തന്നെ നിനക്ക് നല്കുന്നു.

6. ദൈവത്തിന്‍റെ പൂര്‍ണ്ണരക്ഷ

വീണ്ടും ജനനത്തിനുശേഷം, ഒരു വിശ്വാസി സ്നാനമേല്ക്കണം (മര്‍ക്കൊ.16:16). പിന്നീട് വിശ്വാസിയുടെ ആത്മാവില്‍നിന്ന് അവന്‍റെ ദേഹിയിലേക്ക് ക്രമേണ സ്വയം വ്യാപിക്കുന്നതായ (എഫെ.3:17) ജീവകാല പ്രക്രിയ ദൈവം ആരംഭിക്കുന്നു. രൂപാന്തരം എന്ന് വിളിക്കപ്പെടുന്നതായ ഈ പ്രക്രിയയ്ക്ക് (റോമ.12:2) മനുഷ്യ സഹകരണം ആവശ്യമാണ് (ഫിലി.2:12) ഒരു വിശ്വാസി, തന്‍റെ സര്‍വ്വ ആഗ്രഹങ്ങളും, ചിന്തകളും തീരുമാനങ്ങളും കര്‍ത്താവിന്‍റേതുമായി ഏകീഭവിക്കുന്നതുവരെ, തന്‍റെ ദേഹിയിലേക്ക് വ്യാപിക്കുവാന്‍ കര്‍ത്താവിനെ അനുവദിച്ചുകൊണ്ട് കര്‍ത്താവുമായി സഹകരിക്കുന്നു. ഒടുവില്‍, ക്രിസ്തുവിന്‍റെ മടങ്ങിവരവില്‍, ദൈവം വിശ്വാസിയുടെ ശരീരത്തെ തന്‍റെ ജീവന്‍കൊണ്ട് പൂര്‍ണ്ണമായി സാന്ദ്രീകരിക്കും. ഇതിന് തേജസ്കരണം എന്നു പറയുന്നു (ഫിലി.3:21). അങ്ങനെ, ഓരോ ഭാഗവും ശൂന്യവും കോട്ടമുള്ളതും ആകുന്നതിനുപകരം, ഈ മനുഷ്യന്‍ ദൈവജീവനാല്‍ നിറയുകയും സാന്ദ്രീകരിക്കുകയും ചെയ്യും. ഇതാണ് ദൈവത്തിന്‍റെ പൂര്‍ണ്ണരക്ഷ! ഇപ്രകാരമുള്ള ഒരു മനുഷ്യന്‍ ഇപ്പോള്‍, ദൈവത്തിന്‍റെ പദ്ധതി നിറവേറ്റിക്കൊണ്ട് ദൈവത്തെ ആവിഷ്കരിക്കുന്നു!

ഈ ജീവന്‍ സ്വീകരിച്ചതിനുശേഷം, ഒരു വിശ്വാസി ദൈവജീവനില്‍ വളര്‍ന്ന് പക്വത പ്രാപിക്കേണ്ടതിന്, ഈ ജീവനാല്‍ പോഷണവും സഹായവും പ്രാപിക്കേണ്ടതിന്, ക്രിസ്തീയ യോഗങ്ങളില്‍ സംബന്ധിക്കണം. ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള മറ്റ് വിശ്വാസികളുമായുള്ള കൂട്ടായ്മയില്‍, ഒരു വിശ്വാസിക്ക് ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഐശ്വര്യങ്ങള്‍ ആസ്വദിക്കുവാന്‍ കഴിയും.

ഇതാണ് ഒന്നാമത്തെ അധ്യായം ക്രിസ്തീയജീവിതത്തിന്‍റെ അടിസ്ഥാന മൂലകങ്ങള്‍ വാല്യം,1, വായന തുടരുന്നതിന് നിങ്ങളുടെ സൗജന്യ കോപ്പി ആവശ്യപ്പെടാം.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക