നിരപരാധികളായ ആളുകൾ കഷ്ടപ്പെടുവാൻ ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?

നിരപരാധികളായ ആളുകൾ കഷ്ടപ്പെടുവാൻ ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?

ഇതാണ് ദൈവത്തെ സംബന്ധിച്ച് തുടരെത്തുടരെ ചോദിക്കുന്ന ചോദ്യം. ദൈവം സ്നേഹിക്കുന്നവനാണെങ്കിൽ, എന്തുകൊണ്ടാണ് ദുർജനം തഴയ്ക്കുകയും നിരപരാധികളായ ആളുകൾ നശിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് സഹായിക്കുവാനും, വിടുവിക്കുവാനും, രക്ഷിക്കുവാനും ദൈവം കടന്നുവരാത്തത്? ദശലക്ഷക്കണക്കിന് ആളുകൾ രണ്ടാം ലോകയുദ്ധത്തിൽ മരിച്ചു. നിരപരാധികളായ അനേകം ആളുകൾ  ഇന്നും ലോകത്തിനു ചുറ്റുമായി യുദ്ധത്തിലും സമാധാനത്തിലും മരിച്ചുകൊണ്ടിരിക്കുന്നു. ശിശുക്കൾ  അംഗവൈകല്യമുള്ളവരായി ജനിക്കുന്നു. കുഞ്ഞുങ്ങൾ വികലാംഗരായിത്തീരുന്നു. പ്രായപൂർത്തിയായവർ പക്ഷവാതരോഗികളായിത്തീരുന്നു. പ്രായമായവർ ദുർബലരായിത്തീരുന്നു. ജാതികൾക്കിടയിലും വർഗ്ഗീയകൂട്ടങ്ങൾക്കിടയിലും അവയ്ക്കുള്ളിലും, “മോശമായ അയൽപക്കങ്ങളിലും” “നല്ല അയൽപക്കങ്ങളിലും” കുടുംബങ്ങളിലും, അനുചിതമായ കൊല്ലലും, കള്ളംപറയുന്നതും, വഞ്ചിക്കുന്നതും, മോഷ്ടിക്കുന്നതും, കൊള്ളയിടുന്നതും ഉണ്ട്. ആരാണ് ഇരകൾ? മിക്കപ്പോഴും നിരപരാധികൾ – കുട്ടികളും, പ്രായമായവരും, നല്ല ജനവും ആണ്. ദൈവം എവിടെയാണ്? അവൻ സ്നേഹിക്കുന്ന ഒരു ദൈവമല്ലേ? അവനല്ലേ മനുഷ്യനെ സൃഷ്ടിച്ചത്? അവൻ എന്തുകൊണ്ട് സഹായിക്കുന്നില്ല? എന്തുകൊണ്ട് ഇതു സംഭവിക്കുവാൻ അവൻ അനുവദിക്കുന്നു? അവനല്ലേ നിയന്ത്രിക്കുന്നത്? എന്തുകൊണ്ടാണ് കാര്യങ്ങൾ ഇങ്ങനെയായിരിക്കുന്നതെന്നും സകല മനുഷ്യരും അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടോയെന്നും കാണുവാൻ നാം ആരംഭത്തിലേക്ക് മടങ്ങിപ്പോകേണ്ട ആവശ്യമുണ്ട്.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം

മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് സകല ദൂതന്മാരുടെയും തലവനായിരിക്കുവാൻ ദൈവത്താൽ നിയമിക്കപ്പെട്ടവനായ പ്രധാന ദൂതനായ ലൂസീഫർ (യെഹെസ്ക്കേൽ 28:14, യൂദാ 9) ദൈവത്തോടു മത്സരിക്കുകയും ദൈവത്തിന്റെ ശത്രുവായ സാത്താനായിത്തീരുകയും ചെയ്തുവെന്ന് വേദപുസ്തകം നമ്മോടു പറയുന്നു (യെശയ്യാവ് 14:12, യെഹെസ്ക്കേൽ 28:15). തൽഫലമായി, പാപം പ്രപഞ്ചത്തിൽ പ്രവേശിക്കുകയും പ്രപഞ്ചം വീഴുവാൻ ഇടയാക്കുകയും ചെയ്തു. ഭൂമി സാത്താന്റെ രാജ്യമായിത്തീർന്നു (ലൂക്കൊസ് 4:6). അപ്പോൾമുതൽ, ദൈവത്തിന്റെയും സാത്താന്റെയും ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു പോരാട്ടം ഉണ്ട് (യെശയ്യാവ് 14:12-15; കൊലൊസ്യർ 1:13). ഇതാണ് പ്രപഞ്ചത്തിലുള്ള സകല മരണത്തിന്റെയും, ദുരിതത്തിന്റെയും, കുഴപ്പത്തിന്റെയും ഉറവിടം – ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടം.

മനുഷ്യൻ ദൈവത്തെ ആവിഷ്കരിക്കുവാനും ദൈവത്തിനുവേണ്ടി ഭരിക്കുവാനുമുള്ളവൻ

എന്നാൽ സാത്താനോട് ഇടപെടുവാൻ ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നു. സാത്താനെ പരാജയപ്പെടുത്തുവാൻ ദൈവത്തിന് തന്റെ സൃഷ്ടികളിൽ മറ്റൊന്നിനെ – മനുഷ്യനെ – ആവശ്യമായിരുന്നു. ദൈവത്തെ ആവിഷ്കരിക്കുവാനും ദൈവത്തിനുവേണ്ടി ഭരിക്കുവാനുമായി മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിൽ ഉണ്ടാക്കപ്പെട്ടിരുന്നു (ഉല്പത്തി 1:26). ദൈവത്തെ ആവിഷ്കരിക്കുകയെന്നാൽ ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുകയും, ദൈവം നീതിമാനായിരിക്കുന്നതുപോലെ നീതിമാനായിരിക്കുകയും ചെയ്യുന്ന കാര്യമാണ്. ദൈവത്തിന് നിരവധി ദിവ്യ സദ്ഗുണങ്ങളുണ്ട്; മനുഷ്യൻ ഇതുപോലെയുള്ള മാനുഷിക നന്മകളോടുകൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മനുഷ്യൻ തന്റെ മാനുഷിക നന്മകളിലൂടെ ദൈവത്തിന്റെ ദിവ്യ സദ്ഗുണങ്ങൾ ആവിഷ്കരിക്കുന്ന ഒരു ജീവിതം നയിക്കേണ്ടവനാണ് (മത്തായി 5:48). സാത്താനെ നശിപ്പിക്കുവാൻ ദൈവത്തിന്റെ നിയുക്ത അധികാരിയായി ദൈവത്തിനുവേണ്ടി ഭരിക്കുന്നതിനും, സാത്താനെ സ്ഥലംമാറ്റിക്കൊണ്ട് ദൈവത്തിന്റെ സ്നേഹത്തിന്റെയും നീതിയുടെയും രാജ്യത്തെ കൊണ്ടുവരുന്നതിനും മനുഷ്യൻ ഉണ്ടാക്കപ്പെട്ടിരിക്കുന്നു (മത്തായി 22:39; 2 കൊരിന്ത്യർ 5:21).

മനുഷ്യൻ തികഞ്ഞവനായി സൃഷ്ടിക്കപ്പെട്ടവനാണ്. അവൻ രോഗിയാകുകയോ മരിക്കുകയോ ചെയ്യുവാനുള്ളവനല്ല. മനുഷ്യന് ജീവിക്കുവാനുള്ളതെല്ലാം  ദൈവം സജ്ജീകരിച്ചു – അവൻ നിലനിൽക്കേണ്ടതിന് ദൈവം മനുഷ്യന് വായുവും, വെള്ളവും, ആഹാരവും, സൂര്യപ്രകാശവും നല്കുകയും, ഭൂമി ആകർഷണീയവും, സൗന്ദര്യമുള്ളതും, സജീവമായതുമാക്കുന്ന വൃക്ഷങ്ങളെയും, പുഷ്പങ്ങളെയും, സസ്യങ്ങളെയും, മൃഗങ്ങളെയും നല്കുകയും ചെയ്തു. പിന്നീട് ദൈവത്തെ അറിയുവാനും, ദൈവത്തെ ആവിഷ്കരിക്കുവാനും, ദൈവത്തിനുവേണ്ടി ഭരിക്കുവാനും മനുഷ്യൻ പ്രാപ്തനാകേണ്ടതിന് ദൈവം മനുഷ്യന്റെ ഉള്ളിൽ ഒരു ആത്മാവിനെ ഉണ്ടാക്കുകയും മനുഷ്യനെ ജീവവൃക്ഷത്തിനു മുമ്പിൽ നിർത്തുകയും ചെയ്തു (ഉല്പത്തി 2:9; സെഖര്യാവ് 12:1). ദൈവം മനുഷ്യന് ജീവനായിത്തീരുന്നതിനെയാണ് ജീവവൃക്ഷം സൂചിപ്പിക്കുന്നത്. ജീവവൃക്ഷത്തിൽനിന്നു ഭക്ഷിക്കുന്നതിലൂടെ തന്റെ ആത്മാവിലേക്ക് മനുഷ്യൻ ദൈവത്തെ സ്വീകരിക്കുന്നുവെങ്കിൽ, മനുഷ്യന് ദൈവം ജീവനായി ഉണ്ടായിരിക്കുകയും, ദൈവത്തെ ആവിഷ്കരിക്കുവാനും ദൈവത്തിനുവേണ്ടി ഭരിക്കുവാനും മനുഷ്യൻ പ്രാപ്തനായിരിക്കുകയും ചെയ്യും.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുരന്തസംഭവം

ജീവവൃക്ഷത്തിൽനിന്നു മനുഷ്യൻ ഭക്ഷിച്ചിരുന്നുവെങ്കിൽ ദൈവത്തിന്റെ ലക്ഷ്യം നിറവേറുമായിരുന്നുവെങ്കിലും, ദൈവത്തെയോ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം സൂചിപ്പിക്കുന്ന സാത്താനെയോ തിരഞ്ഞെടുക്കുവാൻ മനുഷ്യന് കഴിയുമാറ് ദൈവം മനുഷ്യനെ ഒരു സ്വതന്ത്ര ഇച്ഛാശക്തിയോടുകൂടെ സൃഷ്ടിച്ചു. സാത്താൻ കാപട്യത്തിലും, സൂത്രത്തിലും വരികയും, നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം വളരെ പ്രീതികരമാക്കിക്കൊണ്ട് മനുഷ്യനെ വഞ്ചിക്കുകയും ചെയ്തു (ഉല്പത്തി 3:1; 2 കൊരിന്ത്യർ 11:3). മനുഷ്യൻ അറിവിന്റെ വൃക്ഷം തിരഞ്ഞെടുക്കുകയും, തന്മൂലം ദൈവത്തിന്റെ ജീവനെ സ്വീകരിക്കുന്നതിനുപകരം മനുഷ്യൻ സാത്താന്യജീവനെ തന്നിലേക്കു സ്വീകരിക്കുകയും, പാപത്തിലും, ദുഷ്ടതയിലും, മരണത്തിലും കലാശിക്കുകയും ചെയ്തു (റോമർ 5:12). സാത്താന്യജീവൻ സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യനിൽ വളർന്നുകൊണ്ടിരിക്കുകയായിരുന്നു.

മനുഷ്യൻ സാത്താന്റെ ജീവനെ എടുത്തതുനിമിത്തം, മനുഷ്യൻ ആന്തരികമായി സാത്താന്യപ്രകൃതത്തിൻകീഴിലും, ബാഹ്യമായി സാത്താന്റെ അധികാരത്തിൻകീഴിലും ആണ് (എഫെസ്യർ 4:17-19; റോമർ 7:23). വേദപുസ്തകം സാത്താനെ  “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിക്കുന്നു (2 കൊരിന്ത്യർ 4:4). മനുഷ്യൻ അവനാൽ കുരുടാക്കപ്പെടുകയും, മനുഷ്യനോടും മനുഷ്യനിലും ദുഷ്ടനായവൻ ചെയ്യുന്നതെന്തെന്ന് ബോധമില്ലാത്തവനായിരിക്കുകയും ചെയ്യുന്നു (1 യോഹന്നാൻ 5:19). സാത്താന്റെ ആഗ്രഹം മനുഷ്യനെ നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുക എന്നതാണ്. ജീവനുള്ള യഥാർത്ഥ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെങ്കിലും, ഈ ലോകത്തിന്റെ ദൈവം മനുഷ്യനിലേക്കു കടന്നു. സാർവ്വലൗകികമായ ദുരന്തമെന്തെന്നാൽ ദൈവത്തിന്റെ രാജ്യത്തിൽ ജീവിക്കുന്ന ഒരു രാജാവായിരിക്കുവാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സാത്താന്റെ രാജ്യത്തിൽ മരിക്കുന്ന ഒരു അടിമയായിത്തീർന്നിരിക്കുന്നു (എബ്രായർ 2:14-15). ഇതുകൊണ്ടാണ് യുദ്ധങ്ങളും, അന്യായവും, ഉപദ്രവവും ഉള്ളത്.  ദൈവം സൃഷ്ടിച്ച മനുഷ്യനെ സാത്താൻ  നശിപ്പിക്കുന്നു. തന്മൂലം ഇന്നത്തെ അവസ്ഥ ദൈവത്തിന്റെ ആദ്യതാല്പര്യമല്ല.

കഷ്ടത്തിൽനിന്നും മനുഷ്യനെ രക്ഷിക്കുന്ന ദൈവത്തിന്റെ വഴി

ദൈവം മനുഷ്യനെ സ്നേഹിക്കുന്നതുകൊണ്ട്, ഇപ്പോഴും അവനെ തന്നിലേക്കു രക്ഷിച്ചു മടക്കിക്കൊണ്ടുവരുവാൻ ദൈവം ആഗ്രഹിക്കുന്നു (റോമർ 5:8). സാത്താന്റെ പരാജയവും, മനുഷ്യൻ സൗഖ്യമാകുന്നതും, ദൈവത്തിന്റെ രാജ്യം കൊണ്ടുവരുന്നതും സംഭവിക്കേണ്ടതിന് അവൻ ചില നിശ്ചിതമായ പടികൾ എടുത്തു. ഒന്നാമതായി, അവൻതന്നെ  2000 വർഷങ്ങൾക്കുമുമ്പ് യേശുക്രിസ്തു എന്നു പേരുള്ള ഒരു മനുഷ്യനായി ഭൂമിയിലേക്കു വന്നു (യോഹന്നാൻ 1:1, 14; മത്തായി 1:21). മനുഷ്യർ എങ്ങനെ അന്യോന്യം സ്നേഹിക്കണമെന്നും ദൈവത്തിന്റെ ജീവനാൽ നീതിപൂർവ്വകമായി ജീവിക്കണമെന്നും കാണിച്ചുകൊണ്ട്, മനുഷ്യനെന്ന നിലയിൽ അവൻ നമുക്ക് ഒരു മാതൃക സ്ഥാപിച്ചു (യോഹന്നാൻ 6:57; 1 യോഹന്നാൻ 4:7). ഈ മനുഷ്യനെ ദുഷിപ്പിക്കുവാനും അവനെ അധീനതയിൽ കൊണ്ടുവരുവാനും സാത്താൻ ഉദ്യമിച്ചുവെങ്കിലും, ഈ തികഞ്ഞ മനുഷ്യൻ സാത്താന്റെ യാതൊരു പരീക്ഷകൾക്കും വഴങ്ങിക്കൊടുത്തില്ല (മത്തായി 4:9-10)! അവൻ ദൈവത്തിന്റെ ഏക-മനുഷ്യ രാജ്യമായിരുന്നു. സാത്താന് അവനിൽ യാതൊരു കാര്യവും ഉണ്ടായിരുന്നില്ല (യോഹന്നാൻ 14:30). യേശുവിന് സാത്താന്യപ്രകൃതം ഉണ്ടായിരുന്നില്ല; അതുകൊണ്ട് അവൻ ആന്തരികമായി സാത്താന്റെ നിഷ്ഠൂരഭരണത്തിൽനിന്നും സ്വതന്ത്രനായിരുന്നു. എന്നിട്ടും ഭൂമിയെ തിരിച്ചെടുക്കുവാൻ സാത്താനോടു പോരാടുന്ന ഒരേ ഒരു മനുഷ്യനായിരിക്കുവാൻ അവൻ ആഗ്രഹിച്ചില്ല. അവന്റെ കൂട്ടുമനുഷ്യരിൽ അനേകർ ഈ പോരാട്ടത്തിൽ അവനോടു ചേരുവാൻ അവൻ ആഗ്രഹിച്ചു.

ഇതിനുവേണ്ടി, പാപത്തിന്മേലുള്ള ദൈവത്തിന്റെ നീതിപൂർവ്വമായ ന്യായവിധിയിൽനിന്നും മാനവകുലത്തെ വീണ്ടെടുക്കുന്നതിനായി അവൻ ഒരു പ്രായശ്ചിത്തവില നല്കേണ്ടതിന് മരിക്കുകയും, മനുഷ്യന്റെ ജീവനായിരിക്കുവാൻ ഉയിർക്കുകയും ചെയ്തു (1 പത്രൊസ് 3:18; 1:3; 1 കൊരിന്ത്യർ 15:45). ക്രിസ്തുവിനോടുകൂടെ ഒരുമിച്ച് മനുഷ്യന് ദൈവത്തിന്റെ ശത്രുവിനെ പരാജയപ്പെടുത്തുവാനും ദൈവത്തിന്റെ രാജ്യത്തെ കൊണ്ടുവരുവാനും കഴിയത്തക്കവണ്ണം, ദൈവത്തെ ജീവനായി  എടുക്കുന്നതിനും, ദൈവത്തെ ആവിഷ്കരിക്കുന്നതിനും, ദൈവത്തിനുവേണ്ടി ഭരിക്കുന്നതിനുമായി മനുഷ്യനുവേണ്ടി ഒരു വഴി ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നു (എബ്രായർ 10:20; 1 യോഹന്നാൻ 5:11; ഗലാത്യർ 2:20; വെളിപ്പാട് 20:6; 11:15). ഇതെല്ലാം 2000 വർഷങ്ങൾക്കുമുമ്പ് സംഭവിച്ചു, എങ്കിലും മിക്കവാറും ആളുകൾ ഈ നല്ല വാർത്ത കേൾക്കുകയോ അതിനെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ദൈവത്തോട് ചെറുത്തുനിൽക്കുവാനും പാപകരമായ പ്രകൃതത്താൽ ജീവിക്കുവാനുമായി അനേകർ സാത്താന്റെ വഞ്ചനയ്ക്കും നിയന്ത്രണത്തിനും കീഴിലായതുകൊണ്ട്, ലോകം ഇപ്പോഴും കുത്തഴിഞ്ഞതാണ്.

സകല കഷ്ടത്തെയും അവസാനിപ്പിക്കുവാനുള്ള മാർഗ്ഗം

ഈ കുഴപ്പത്തിൽനിന്നും പുറത്തുവരുവാനും സാത്താന്റെ രാജ്യത്തിൽനിന്നും രക്ഷപ്രാപിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് നിങ്ങളിലേക്ക് ദൈവത്തെ സ്വീകരിക്കുന്നതിലൂടെ, ഒന്നാമതായി നിങ്ങൾതന്നെ രക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ് (പ്രവൃത്തികൾ 2:40, 21). അപ്പോൾ ദൈവത്തിന് നിങ്ങളുടെ ഉള്ളിൽ രക്ഷയുടെ പ്രക്രിയ ആരംഭിക്കുവാൻ കഴിയും. പിന്നീട് ഈ നല്ല വാർത്ത നിങ്ങളുടെ പരിചയക്കാരോട് പറയേണ്ടത് ആവശ്യമാണ് (മർക്കൊസ് 5:19). ഭൂമിയിൽ അനേകം ജനങ്ങൾ ദൈവത്തിന്റെ സ്നേഹത്താലും നീതിയാലും നിറഞ്ഞുകഴിയുമ്പോൾ, ദൈവരാജ്യം കൊണ്ടുവരപ്പെടുകയും, ഈ ഭൂമിയുടെ അവസ്ഥ സമൂലമായി മാറുകയും ചെയ്യും (2 പത്രൊസ് 3:12-13). ആളുകൾ അന്യോന്യം സ്നേഹിച്ചുകൊണ്ട് സമാധാനത്തിൽ ജീവിക്കും (വെളിപ്പാട് 21:3-4). യാതൊരു കൊള്ളയും അനുചിതമായ കൊല്ലലും ഉണ്ടായിരിക്കുകയില്ല. എല്ലാ രൂപത്തിലുള്ള ദുഷ്ടതയും ഭൂമിയിൽനിന്നു നീക്കംചെയ്യപ്പെടും. നിങ്ങളുടെ ആയുഷ്കാലത്തിൽ ഇതു കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾ എന്തു ചെയ്യണം?

നിങ്ങൾ സാത്താന്റെ ഇരുണ്ട രാജ്യത്തിൽനിന്നും ദൈവത്തിന്റെ വെളിച്ച രാജ്യത്തിലേക്കും, സാത്താന്റെ മരണാധികാരത്തിൽനിന്നും ദൈവത്തിന്റെ ജീവാധികാരത്തിലേക്കും തിരിഞ്ഞാൽ മതി (പ്രവൃത്തികൾ 26:18). നിങ്ങൾക്ക് ഇങ്ങനെ പ്രാർത്ഥിക്കാം:

“കർത്താവായ യേശുവേ, എന്നിലേക്കു വരണമേ. സാത്താന്റെ രാജ്യത്തിൽനിന്നും എന്നെ വിടുവിച്ച് നിന്റെ രാജ്യത്തിലേക്കു കൊണ്ടുവരണമേ. സാത്താന്റെ നിഷ്ഠൂരഭരണത്തിൻകീഴിൽ ഞാൻ ചെയ്തുപോയതെല്ലാം എന്നോടു ക്ഷമിക്കണമേ. ഇപ്പോൾത്തന്നെ എന്നെ രക്ഷിക്കണമേ. ആമേൻ.”

അങ്ങനെ നിങ്ങൾ, ലോകത്തിലുള്ള സകല കഷ്ടങ്ങളെയും അവസാനിപ്പിക്കുവാനും ഭൂമിയിലേക്ക് അവന്റെ രാജ്യം കൊണ്ടുവരുവാനുമായി ദൈവം മനുഷ്യനിൽ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഒരു ഭാഗമായിത്തീരും.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക