ജീവവൃക്ഷം - കാവ്യാത്മകമായ രൂപമോ, മതപരമായ അടയാളമോ, അതോ ആത്മിക യാഥാർത്ഥ്യമോ?

ജീവവൃക്ഷം  - കാവ്യാത്മകമായ രൂപമോ, മതപരമായ അടയാളമോ, അതോ ആത്മിക യാഥാർത്ഥ്യമോ?

മനുഷ്യചരിത്രത്തിലും മതത്തിലുമുള്ള ജീവവൃക്ഷം

രചനകളിലുടനീളവും, വാമൊഴി വഴക്കത്തിലും, ഭൂമിയിലെ മുഖ്യമായ സംസ്ക്കാര കലയിലും ജീവവൃക്ഷത്തെ കാണുവാൻ കഴിയും. നിരവധി ലോക ദൈവശാസ്ത്രങ്ങളിലും തത്ത്വചിന്തകളിലും ഇത് ഒരു പ്രബന്ധവിഷയമാണ്, അതിന്റെ യാഥാർത്ഥ്യത്തിലുള്ള വിശ്വാസം സമയത്തിന്റെ അരുണോദയം മുതൽ  ഇന്നുവരെ മനുഷ്യചരിത്രത്തിൽ വ്യാപിച്ചു കിടക്കുന്നു. വേദപുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിൽ ഏദെൻ തോട്ടത്തിലുംവേദപുസ്തകത്തിന്റെ അവസാനത്തെ രണ്ട് അദ്ധ്യായങ്ങളിൽ നിത്യതയിലെ സ്വർഗ്ഗീയ നഗരത്തിലും ഇത് കാണപ്പെടുന്നു. ഖുർആൻ ഇതിനെ വിശേഷിപ്പിക്കുന്നത് പറുദീസയുടെ ഏറ്റവും പുറത്തുള്ള ഭാഗത്തെ അടയാളപ്പെടുത്തുന്ന ഏഴാം സ്വർഗ്ഗത്തിൽ നിൽക്കുന്ന സിദ്ര വൃക്ഷം എന്നാണ്, അവിടേക്ക് ആർക്കും കടന്നുചെല്ലുവാൻ കഴിയില്ലത്രേ (സൂറ 53, 56). പുരാതന മിസ്രയീമിന്റെയും, അസീറിയയുടെയും, ബാബിലോണിന്റെയും, തുർക്കിയുടെയും, ചൈനയുടെയും രചനകളിലും കലാസൃഷ്ടികളിലും ഇത് സാധാരണമാണ്. ബുദ്ധമതക്കാർ ഇതിനെ ബോധി വൃക്ഷം എന്നു വിളിക്കുന്നു. ആഫ്രിക്കക്കാർ ഇതിനെ അറിയുന്നത് ബയോബാബ് വൃക്ഷമായാണ്. മയാനിലും, ആസ്ടെക്കിലും, വടക്കേ അമേരിക്കയിലെ നിരവധി ഇന്ത്യൻ ഗോത്ര പാരമ്പര്യത്തിലും, പുരാതന യൂറോപ്പിലെ ജാതീയ മതങ്ങളിലും ഇത് വേരൂന്നിയിരിക്കുന്നു. ഇത് പ്രസിദ്ധിയാർജ്ജിച്ച നിരവധി കഥകളുടെ വിഷയവും, നിരവധി ആളുകളുടെ കലാസൃഷ്ടികളിൽ ചിത്രീകരിച്ചിട്ടുള്ളതും ആണ്, കൂടാതെ ആധുനിക ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ശക്തമായ ഒരു അടയാളമായി ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ജീവൻ നൽകുവാൻ കഴിയുന്ന ഇങ്ങനെയുള്ള മാർമ്മികമായ ഒരു വൃക്ഷം ഉണ്ട് എന്ന ചിന്ത മനുഷ്യവർഗ്ഗത്തിന്റെ വ്യാപകവും നിലനിൽക്കുന്നതുമായ ആദ്യംമുതലേയുള്ള ഓർമ്മകളിൽ ഒന്നാണ്. എന്നാൽ എന്താണ് ജീവവൃക്ഷം? നമുക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?

വേദപുസ്തകത്തിലെ ജീവവൃക്ഷം

ജീവവൃക്ഷത്തിന്റെ പ്രാഥമിക പുരാതന രേഖ വേദപുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉല്പത്തിപുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങളിൽ കാണാം.

"യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്ന് മുളപ്പിച്ചു." (ഉല്പത്തി 2: 8-9)

"യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചതെന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും"(ഉല്പത്തി 2: 16-17).

അങ്ങനെ മനുഷ്യകുലത്തെ ദൈവം സൃഷ്ടിച്ചതിനുശേഷം ദൈവം മനുഷ്യനെ ആക്കിവച്ച ഇടമായ  ഏദെൻതോട്ടത്തിലെ ജീവവൃക്ഷമാണ് ഏറ്റവും ഔന്നത്യമുള്ള സവിശേഷതയെന്ന്  നമുക്കു കാണുവാൻ കഴിയും. ധാരാളം മനോഹരമായ വൃക്ഷങ്ങളുണ്ടായിരുന്നു, എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്ന ഏക വൃക്ഷമൊഴികെ സകലവും ദൈവം മനുഷ്യർക്ക് ആഹാരമായി നൽകി. മനുഷ്യൻ തിന്നുവാൻ ദൈവം വിലക്കിയ ഒരേയൊരു വൃക്ഷമായിരുന്നു ഇത്, ഈ വൃക്ഷത്തിൽനിന്നു കഴിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് ദൈവം പറഞ്ഞു. അതിനാൽ നാം ഇങ്ങനെ ചോദിച്ചേക്കാം എന്താണ് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം? ഇത് ജീവവൃക്ഷത്തിന് വിരുദ്ധമായ ഒന്നാണ്, ജീവവൃക്ഷം ജീവൻ നൽകുമ്പോൾ അറിവിന്റെ വൃക്ഷം മരണം നൽകുന്നു. അതിനാൽ ഈ രണ്ടു വൃക്ഷങ്ങളും ജീവനിലേക്കും മരണത്തിലേക്കും വിരൽ ചൂണ്ടുന്നുവെന്ന് കാണാം - ഏതെങ്കിലും ജീവനോ മരണമോ അല്ല, പ്രത്യുത നാം കാണാൻ പോകുന്നതുപോലെ നിത്യജീവനിലേക്കും, ധ്വനിയാൽ, നിത്യമരണത്തിലേക്കും ആണ്തോട്ടത്തിലെ അനുലോമപരമായ വൃക്ഷങ്ങളിൽ ഏറ്റവും ഔന്നത്യമുള്ളതെന്ന നിലയിൽ ജീവവൃക്ഷത്തിൽനിന്ന് മനുഷ്യൻ തിന്നണമെന്ന് ദൈവം ആഗ്രഹിച്ചുവെന്ന് സകല വൃക്ഷങ്ങളുടെയും ഫലം ഇഷ്ടംപോലെ തിന്നാം എന്ന മനുഷ്യനോടുള്ള ദൈവത്തിന്റെ കല്പനയിൽനിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്താണ് ഇത് അർത്ഥമാക്കുന്നത്? മനുഷ്യൻ ദൈവകല്പന അനുസരിച്ചുകൊണ്ട് ആദ്യംതന്നെ ജീവവൃക്ഷം തിന്നിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

നിർഭാഗ്യവശാൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യചരിത്രത്തിന്റെ അരുണോദയത്തിൽ സംഭവിച്ചില്ല. പകരംഅറിവിൻ വൃക്ഷത്തിന്റെ ഫലം കഴിക്കുന്നത് അവനെ ദൈവത്തെപ്പോലെയാക്കുമെന്ന ചിന്തയിലേക്ക് മനുഷ്യനെ വഞ്ചിച്ചുകൊണ്ട്, പിശാചെന്ന സർപ്പമായ സാത്താൻ ജീവവൃക്ഷത്തിനു പകരം നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം ഭക്ഷിക്കുവാൻ മനുഷ്യനെ പ്രലോഭിപ്പിച്ചു:

യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൌശലമേറിയതായിരുന്നു. അത് സ്ത്രീയോട്: 'തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുത്' എന്ന് ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ? എന്നു ചോദിച്ചു." സ്ത്രീ പാമ്പിനോട്: 'തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത്' എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോട്: 'നിങ്ങൾ മരിക്കയില്ല നിശ്ചയം! അത് തിന്നുന്ന നാളിൽ  നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും എന്ന് ദൈവം അറിയുന്നു’ എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന് സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു" (ഉല്പത്തി 3: 1-6).

എങ്കിലും, മനുഷ്യനും സ്ത്രീയും ദൈവത്തെപ്പോലെയായിത്തീർന്നില്ല. പകരം, തിന്മയായ ഒന്ന് മനുഷ്യരാശിയിലേക്കു പ്രവേശിച്ചു നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ വൃക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഒരു മൂലകം മനുഷ്യപ്രകൃതത്തിലേക്ക് തുളച്ചുകയറുകയും, ഇത് മനുഷ്യൻ ദൈവത്തെ ഭയപ്പെടുവാനും ദൈവത്തിൽനിന്ന് ഒളിച്ചിരിക്കുവാനും ഇടയാക്കുകയും ചെയ്തു: “അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: "നീ എവിടെ" എന്നു ചോദിച്ചു. "തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ട് ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു" എന്ന് അവൻ പറഞ്ഞു. "നീ നഗ്നനെന്ന് നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ" എന്ന് അവൻ ചോദിച്ചു. അതിന് മനുഷ്യൻ: "എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു" എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: "നീ ഈ ചെയ്തത് എന്ത്?" എന്നു ചോദിച്ചു. അതിന്: "പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി" എന്ന് സ്ത്രീ പറഞ്ഞു” (ഉല്പത്തി 3: 9-13).

തൽഫലമായി, സാത്താൻ മനുഷ്യരാശിയുടെ ബദ്ധശത്രുവായിത്തീരുകയും, മനുഷ്യരാശി പാപമെന്ന ശാപത്തിൻകീഴിൽ വീണുപോകുകയും, ഭൂമിപോലും ശപിക്കപ്പെട്ടതായിത്തീരുകയും ചെയ്തു:

“യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: "നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ച് നിന്റെ ആയുഷ്ക്കാലമൊക്കെയും പൊടി തിന്നും; ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും." സ്ത്രീയോടു കല്പിച്ചത്: "ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും." മനുഷ്യനോട് കല്പിച്ചതോ: "നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്ക്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും” (ഉല്പത്തി 3: 14-17).

അതുകൊണ്ട്, മനുഷ്യനെ തന്റെ സന്നിധിയിൽനിന്ന് പുറത്താക്കുകയല്ലാതെ ദൈവത്തിന് മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല; ഈ വിസ്മയാവഹമായ വൃക്ഷം മനുഷ്യകുലത്തിന് നഷ്ടപ്പെട്ടിരിക്കത്തക്കവണ്ണം ജീവവൃക്ഷത്തിലേക്കുള്ള വഴി ദൈവം അടച്ചു: "യഹോവയായ ദൈവം: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്ന് എന്നേക്കും ജീവിപ്പാൻ സംഗതിവരരുത്” എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്ത് കൃഷി ചെയ്യേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി" (ഉല്പത്തി 3: 22-24).

വിദ്വേഷം, യുദ്ധം, കലഹം, അനീതി, ക്ഷാമം, ദാരിദ്ര്യം, രോഗം, ശാപം എന്നിവ നിറഞ്ഞ മനുഷ്യരാശിയുടെ സങ്കടകരവും ദുഃഖകരവുമായ ചരിത്രം അങ്ങനെ ആരംഭിച്ചു. മറിച്ച് മനുഷ്യൻ ജീവവൃക്ഷത്തിന്റെ ഫലം തിന്നിരുന്നുവെങ്കിൽ മനുഷ്യ ചരിത്രംതന്നെ എത്ര വ്യത്യസ്തമാകുമായിരുന്നു!

ഇക്കാര്യം നാം ചിന്തനീയമായ ഒരു രീതിയിൽ വായിക്കുന്നെങ്കിൽ, ഇവിടെ വളരെ ആഴത്തിലുള്ള ചിലതുണ്ടെന്ന തിരിച്ചറിവിലേക്ക് നാം നയിക്കപ്പെടും. ഇത് കേവലം കുട്ടികളെ ഉറക്കുവാനുള്ള ഒരു കഥയല്ല. ജീവവൃക്ഷത്തിൽനിന്ന് തിന്നാതെ മറ്റേ വൃക്ഷത്തിൽനിന്ന് തിന്നതാണ് മനുഷ്യന്റെ വീഴ്ചയുടെ നേരിട്ടുള്ള കാരണവും, മനുഷ്യകുലത്തിന്റെ സകല ദുഃഖത്തിന്റെയും ഉറവിടവും, ഇന്നേ ദിവസം വരെ തുടർന്നും അനുഭവിക്കുന്നതും എന്നു കാണാം. തന്മൂലം ഈ ചോദ്യം വീണ്ടും ചോദിക്കുവാൻ നാം നയിക്കപ്പെടുന്നു:

എന്താണ് ജീവവൃക്ഷത്തെ ദൃഷ്ടാന്തീകരിക്കുന്നത്?

ഇത് സ്പഷ്ടമായും വളരെ പ്രധാനപ്പെട്ട, ദൈവത്തിനും മനുഷ്യനും വളരെ നിർണായകമായ, ഒന്നാണ്. മനുഷ്യൻ അത് തിന്നണമെന്ന് ദൈവം ആഗ്രഹിച്ചു. ദൈവഹിതമനുസരിച്ച്, ജീവവൃക്ഷത്തിന്റെ ഫലം തിന്നുന്നത് മനുഷ്യൻ എന്നേക്കും ജീവിക്കുവാൻ ഇടയാക്കും. എന്നാൽ മനുഷ്യൻ മറ്റേ വൃക്ഷത്തിൽനിന്ന് തിന്നുകയും, പാപിയായിത്തീരുകയും വീണുപോകുകയും  ചെയ്തതുകൊണ്ട്, ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ മനുഷ്യൻ ജീവവൃക്ഷത്തിൽനിന്ന് തിന്നുവാൻ ദൈവം അനുവദിച്ചില്ല. പകരം അതിലേക്കുള്ള വഴി അവന് അടയ്ക്കേണ്ടിവന്നു. ഭൗതികജീവനെ അനന്തമായി ദീർഘിപ്പിക്കുന്ന എന്തെങ്കിലും സവിശേഷ വസ്തു ഉള്ള ഒരു ഭൗതിക വൃക്ഷമായിരുന്നുവോ അത്? അങ്ങനെയാണെങ്കിൽ, ഈ വൃക്ഷം ഇന്ന് എവിടെയാണ്? നന്മതിന്മകളെക്കുറച്ചുള്ള അറിവിൻ വൃക്ഷത്തിന്റെ മരണത്തോടുകൂടെയുള്ള ദുഃഖകരമായ ഫലങ്ങൾ ലോകത്തെമ്പാടും സ്പഷ്ടമായിരിക്കുമ്പോൾ, എന്തുകൊണ്ടാണ് ആരും ജീവവൃക്ഷം കാണാതിരിക്കുന്നത്?

ഇതിനെ നാം ആഴമായി ചിന്തിക്കുകയാണെങ്കിൽ, മറ്റൊരു ചോദ്യം ചോദിക്കുവാൻ നാം പ്രേരിപ്പിക്കപ്പെടും: എന്താണ് ജീവൻ? എന്താണ് - അഥവാ ആരാണ് - എന്നേക്കും ജീവിക്കുന്നത്? ഭൗതികമായ സകലവും പദാർത്ഥപരമായ സകലവും ഒടുവിൽ മരിക്കുകയോ, ഒരു അന്ത്യത്തിലേക്ക് വരികയോ ചെയ്യുന്നു എന്നതാണ്  മനുഷ്യകുലത്തിന്റെ പൊതുവായും സാർവ്വത്രികവുമായ അനുഭവം. തീർച്ചയായും എന്നേക്കും ജീവിക്കുന്ന ഒരുവൻ മാത്രമേയുള്ളൂ - അത് ദൈവം തന്നെയാണ്. അതിനാൽ ജീവവൃക്ഷത്തിൽനിന്ന് നാം തിന്നണമെന്ന് ദൈവം ആരംഭത്തിൽ ആഗ്രഹിക്കുകയും, ഈ വൃക്ഷം എന്നേക്കും ജീവിക്കുവാൻ നമ്മെ ഇടയാക്കുകയും, ദൈവം മാത്രമാണ് എന്നേക്കും ജീവിക്കുന്നവനായിരിക്കുകയും ചെയ്തുവെങ്കിൽ, ഈ വൃക്ഷം ദൈവത്തിന്റെതന്നെ ഒരു അടയാളമായിരിക്കണം. മനുഷ്യൻ ദൈവത്തോട് ചേരുന്നില്ലെങ്കിൽ അവന് എങ്ങനെ എന്നേക്കും ജീവിക്കുവാൻ കഴിയും?

സ്വാഭാവികമായ ഒരു അനുമാനമെന്ന നിലയിൽ പറയട്ടെ, പാപം മനുഷ്യരാശിക്കുള്ളിൽ പ്രവേശിക്കുന്നതിന് ഇടയാക്കിയതും മരണവൃക്ഷം എന്നും വിളിക്കാവുന്നതുമായ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ വൃക്ഷം, ദൈവമല്ലാത്ത മറ്റൊരു ഉറവിടത്തിന്റെ ഒരു അടയാളമായിരിക്കണം - അത് ദൈവത്തോട് മത്സരിക്കുകയും, ദൈവത്തെ ആരാധിക്കുന്നതും, ദൈവത്തെ ബഹുമാനിക്കുന്നതും, ദൈവത്തെ അനുസരിക്കുന്നതും, ദൈവവുമായുള്ള കൂട്ടായ്മയിൽ ജീവിക്കുന്നതും നിഷേധിക്കുകയും ചെയ്യുന്നവനായ സാത്താൻ എന്ന ദൈവത്തിന്റെ ശത്രുവിന്റെ ഒരു അടയാളമായിരിക്കണം. മനുഷ്യർ പലപ്പോഴും പിശാചുക്കളെപ്പോലെ പ്രവർത്തിക്കുന്നതിൽ അത്ഭുതപ്പെടാനില്ല - അവർ തങ്ങളെത്തന്നെ മരണത്തോട്, സാത്താൻ എന്ന പാമ്പിന്റെ വിഷത്തിൽ കാണപ്പെടുന്ന മരണത്തോട്, ചേർത്തിരിക്കുന്നു; മരണവൃക്ഷത്തിൽനിന്നും തിന്നതിലൂടെ നമ്മെ കടിക്കുകയും ദൈവത്തോടുള്ള അവന്റെ മത്സരത്താൽ നമ്മെ വിഷലിപ്തമാക്കുകയും ചെയ്തുകൊണ്ട് അവൻ ദൈവത്തെ അനുസരിക്കാതിരിക്കുന്നതിലേക്ക് മനുഷ്യകുലത്തെ  നയിക്കുന്നു.

അതാകട്ടെ, അനുലോമപരമായ വശത്ത് സമൂലമായ ഒരു തിരിച്ചറിവിലേക്ക്, മനുഷ്യൻ ദൈവത്തെ "തിന്നുകയും" ദൈവത്തെ തന്നിലേക്ക് സ്വീകരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു! എന്ന തിരിച്ചറവിലേക്ക്, നമ്മെ  നയിക്കുന്നു. ജീവവൃക്ഷം ദൈവത്തിന്റെയും അവന്റെ ജീവന്റെയും ഒരു അടയാളമായതിനാൽ, ദൈവം മനുഷ്യനെ തോട്ടത്തിൽ ആക്കിവച്ചിട്ട് അനുലോമപരമായ വൃക്ഷങ്ങളിൽനിന്ന്, പ്രത്യേകിച്ചും ഏറ്റവും ഔന്നത്യമുള്ള വൃക്ഷമായ ജീവവൃക്ഷത്തിൽനിന്ന്തിന്നണമെന്ന് ദൈവം ആഗ്രഹിച്ചു എന്ന വസ്തുത നമ്മെ കാണിക്കുന്നത് മനുഷ്യനെ സൃഷ്ടിച്ചതിലുള്ള ദൈവത്തിന്റെ ആരംഭത്തിലെ ആഗ്രഹം നമുക്ക് ദൈവത്തോടുകൂടെ എന്നേക്കും ജീവിക്കുവാൻ കഴിയത്തക്കവണ്ണം നാം നിത്യജീവനെ സ്വീകരിക്കണം എന്നാണ്. മനുഷ്യന് തിന്നുവാനുള്ള ഫലത്തോടുകൂടെയുള്ള ഒരു വൃക്ഷത്തിന്റെ ഈ ചിത്രം ഉപയോഗിക്കുന്നതിലൂടെ, മനുഷ്യനിലേക്ക് പ്രവേശിക്കുവാൻ ദൈവം വാസ്തവമായി ആഗ്രഹിക്കുന്നു! എന്ന് ദൈവം ചൂണ്ടിക്കാണിക്കുന്നു. ഇതിനെ ഒരുവൻ എത്രയധികം പരിഗണിക്കുന്നുവോ, അത്രയുമധികം അവബോധം അത് ഉണ്ടാക്കുന്നു. ദൈവം മനുഷ്യനിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത് -   തന്റെ സാദൃശ്യത്തോടുകൂടെ തന്റെ സ്വരൂപത്തിൽ ഉണ്ടാക്കിയ അവന്റെ സൃഷ്ടിയുടെ കൊടുമുടിയോ? മനുഷ്യനുമായുള്ള ഒരു ബന്ധം ഉണ്ടായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു, മാത്രമല്ല, മനുഷ്യൻ തന്നോടുകൂടെ എന്നേക്കും ജീവിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. പക്ഷെ എങ്ങനെ? ദൈവത്തെ നമ്മിലേക്ക് സ്വീകരിക്കുന്നതിലൂടെ മാത്രമേ, നിത്യമായ ഒരേ ഒരു ജീവനായ ദൈവജീവൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ, ദൈവത്തോടുകൂടെ എന്നേക്കും ജീവിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ.

ജീവവൃക്ഷം തിന്നുന്നതെങ്ങനെ?

അങ്ങനെ ദൈവത്തെ ഉള്ളിലേക്ക് സ്വീകരിക്കുകയും അവന്റെ ജീവൻ നമ്മിൽ ഉണ്ടായിരിക്കുകയും ചെയ്യുക എന്ന ദൈവത്തിന്റെ ആഗ്രഹത്തിലേക്ക് ജീവവൃക്ഷം നമ്മെ  നടത്തുന്നു. എന്നാൽ എങ്ങനെ ഇത് നമുക്കു ചെയ്യുവാൻ കഴിയും? ഇന്ന് ജീവവൃക്ഷം എവിടെയാണ്? നമുക്ക് അത് കണ്ടെത്താൻ കഴിയുമെങ്കിൽ, നമുക്ക് എങ്ങനെ ജീവവൃക്ഷത്തിന്റെ ഫലം തിന്നുവാനും”, മറ്റേ വൃക്ഷത്തെ തിന്നതിലൂടെ ഉണ്ടായ സകല നാശത്തിൽനിന്നും ഒഴിഞ്ഞുപോകുവാനും കഴിയും? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എങ്ങനെ നമുക്ക് ദൈവത്തെ നമ്മിലേക്ക് സ്വീകരിക്കുവാൻ കഴിയും?

ജീവവൃക്ഷത്തെ എങ്ങനെ തിന്നണമെന്ന് അറിയുവാൻ, “മർമ്മം” എന്ന ഞങ്ങളുടെ സൗജന്യ പുസ്തക പരമ്പരയിലെ ഒന്നാമത്തെ പുസ്തകത്തിന് ഓർഡർ നല്കുകയും അതിന്റെ ഒന്നാമത്ത അദ്ധ്യായം വായിക്കുകയും ചെയ്യുക.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക