നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

മരണശേഷം എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് അനേകരും ആശങ്കാകുലരാണ്. മരണം ജീവിതത്തിന്റെ പരമമായ അന്ത്യമാണെന്ന് ചിലർ പറയുന്നു, അതുകൊണ്ട്, പരിണതഫലങ്ങളെ ഭയപ്പെടാതെ അവർ ഒരു ജീവിതം നയിക്കുന്നു. മരണശേഷം വരാനിരിക്കുന്ന ഒരു ന്യായവിധി ഉണ്ടായിരിക്കുമെന്നും, അതിനുവേണ്ടി ശരിയായ ജീവിതം നയിക്കുന്നതിലൂടെ ജനം ഒരുങ്ങണമെന്നും മറ്റു ചിലർ പറയുന്നു.

ന്യായവിധിയും മരണാനന്തര ജീവിതവും ഉണ്ടായിരിക്കും

ദൈവം ഉണ്ടെന്നും, ഇവിടത്തെ നമ്മുടെ ശാരീരികവും സ്പർശിക്കാവുന്നതുമായ മണ്ഡലമല്ലാതെ മറ്റൊരു ജീവിതമുണ്ടെന്നും ബൈബിൾ പറയുന്നു. നമുക്കു കാണാൻ കഴിയുന്നത് താൽക്കാലികവും, നമുക്കു കാണാൻ കഴിയാത്ത ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതുമാണ് (2 കൊരിന്ത്യർ 4:18). നിത്യനും അദൃശ്യനുമായ ദൈവമാണ് ഭൂമി, വൃക്ഷങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവയുൾപ്പെടെ ദൃശ്യമായതിനെ ഒരു ഉദ്ദേശ്യത്തിനുവേണ്ടി സൃഷ്ടിച്ചത് (എഫെസ്യർ 3:9,11), (കൊലൊസ്യർ 1:16), (1 തിമോത്തിയൊസ് 1:17). ദൈവം നിത്യതയുടെ മണ്ഡലത്തിലാണെന്നപോലെ തന്നെ, ദൈവത്തിന്റെ വരാനിരിക്കുന്ന ന്യായവിധിയാൽ നിർണ്ണയിക്കപ്പെടുന്ന മരണാനന്തര ജീവിതവും ഇപ്പോൾ കാണാവുന്ന ഈ മണ്ഡലത്തിനു ശേഷമാണ് (എബ്രായർ 9:27).

മരണാനന്തര ജീവിതത്തിന്റെ രണ്ടു പ്രധാന തരങ്ങൾ

1) സൃഷ്ടിപ്പിലുള്ള ദൈവോദ്ദേശ്യം നിറവേറ്റുന്നവരും, അതായത്, ക്രിസ്തു തങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും അവരുടെ നീതീകരണത്തിനുവേണ്ടി ഉയിർത്തെഴുൽക്കുകയും ചെയ്തുവെന്നു വിശ്വസിക്കുന്നവരും, ദൈവവുമായി ഒന്നായിത്തീരേണ്ടതിന് ജീവനായി ദൈവത്തെ എടുക്കുന്നവരും ദൈവത്തോടുകൂടെയായിരിക്കുകയും, ദൈവവുമായി ഒന്നായിരിക്കുകയും, സർവ്വ ഭൂമിയുടെയുംമേൽ ദൈവത്തോടുകൂടെ വാഴുകയും ചെയ്യും (യോഹന്നാൻ 3:16-18). ഇതാണ് മരണാനന്തരം ഒരുവനു സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം.

2) ഇന്ന് ദൈവമില്ലാത്തവർ, സ്നേഹിക്കുന്ന ദൈവത്തിൽനിന്നും നിത്യതയിൽ അകന്നിരിക്കും. അവർ സാത്താനോടും (പിശാചിനോടും) അവന്റെ വീണുപോയ ദൂതന്മാരോടുംകൂടെ കത്തിക്കൊണ്ട് തീപ്പൊയ്കയിൽ വേദന അനുഭവിക്കും (യോഹന്നാൻ 3:16-18). തീപ്പൊയ്ക മനുഷ്യനുവേണ്ടിയല്ല, സാത്താനും അവന്റെ ദൂതന്മാർക്കും വേണ്ടി ഒരുക്കപ്പെട്ടതായിരുന്നു. എങ്കിലും, ആദാമിന്റെ വീഴ്ചയുടെ ഫലമായി എല്ലാ മനുഷ്യരും സാത്താനുമായി ഒന്നായിത്തീർന്നു. നിരവധി മുന്നറിയിപ്പുകളും അവസരങ്ങളും ഉണ്ടായിരുന്നിട്ടും ചിലർ ദൈവത്തിലേക്കു തിരിഞ്ഞുവരുന്നില്ല എന്നതുകൊണ്ട്, സാത്താനോടൊപ്പം നിത്യത ചെലവഴിക്കുവാനും അവന്റെ ദണ്ഡനത്തിൽ പങ്കുചേരുവാനും ദൈവത്തിന് അവരെ ഉപേക്ഷിക്കേണ്ടിവരും. ഇതാണ് മരണശേഷമുള്ള ഏറ്റവും മോശമായ തരത്തിലുള്ള ജീവിതം. സാദ്ധ്യമാകുന്നിടത്തോളം ആളുകൾ പ്രത്യേകമായും ഇതു വായിക്കുന്ന നിങ്ങൾ, ദൈവത്തിലേക്കു തിരിയുകയും, ഇതിൽനിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

ഏതു തരം ജീവിതം നിങ്ങൾക്കുണ്ടായിരിക്കണമെന്നു തീരുമാനിക്കുന്ന ഘടകം

വരാനിരിക്കുന്ന ന്യായവിധിയെ നേരിടാൻ നമ്മെ ഒരുക്കുന്ന ഒരു ജീവിതം നയിക്കുന്നതിന്, എന്തായിരിക്കും പ്രതിഫലം ലഭിക്കുന്നതെന്നും എന്തായിരിക്കും അംഗീകരിക്കപ്പെടാത്തതെന്നും ഒന്നാമതായി നാം കണ്ടെത്തണം. ഭൂമിയിൽ ജീവിക്കുമ്പോൾ സൽപ്രവൃത്തികൾ ചെയ്യുന്ന ഒരാൾ സ്വർഗത്തിലേക്കു പോകുമെന്നും, അതേസമയം തിന്മ ചെയ്യുന്നവർ നരകത്തിലേക്കു പോകുമെന്നും ഉള്ള തെറ്റിദ്ധാരണ അനേകം ആളുകൾക്കുണ്ട്. ഇൗ ആശയം ബൈബിൾ അനുസരിച്ചുള്ളതല്ല. മരണത്തിനുശേഷമുള്ള രണ്ടു തരം ജീവിതങ്ങളെ നിങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുമെങ്കിൽ, നിങ്ങൾ വ്യത്യസ്തമായ ചിലതു കാണും. നിത്യതയിൽ ഒരുവന്റെ ജീവിതം എന്തായിരിക്കും എന്നു തീരുമാനിക്കുന്ന ഘടകം ഭൂമിയിലായിരിക്കുമ്പോഴുള്ള ഒരുവന്റെ പെരുമാറ്റമല്ല, മറിച്ച് ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുകയും ജീവനായി ദൈവത്തെ സ്വീകരിക്കുകയും ചെയ്തുവോ ഇല്ലയോ എന്നതുമാണ് (യോഹന്നാൻ 3:16-18).

മനുഷ്യന്റെ പ്രശ്നം

ദൈവത്തെ ഉൾക്കൊള്ളുന്നതിനാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചതെങ്കിലും, ദൈവത്തെ ജീവനായി സ്വീകരിക്കുവാനോ സാത്താനെ സ്വീകരിക്കുവാനോ ഉള്ള തിരഞ്ഞെടുപ്പ് അപ്പോഴും മനുഷ്യനു നല്കപ്പെട്ടിരുന്നു. സാത്താനെ സ്വീകരിക്കുവാൻ മനുഷ്യൻ തീരുമാനിച്ചു, അവൻ പിന്നീട് മനുഷ്യനിൽ പ്രവേശിക്കുകയും മനുഷ്യനിൽ പാപപ്രകൃതമായിത്തീരുകയും ചെയ്തു. മനുഷ്യൻ തന്റെ സ്വഭാവത്തിൽ ഒരു പാപിയായിത്തീരുകയും തന്റെ പ്രവൃത്തികളിൽ പാപങ്ങൾകൊണ്ടു നിറയുകയും ചെയ്തു. ഇപ്പോൾ മനുഷ്യന്റെ ഉള്ളിൽ അനീതിയെ സ്നേഹിക്കുകയും നീതിയെ വെറുക്കുകയും, പാപത്തെയും ഇരുട്ടിനെയും സ്നേഹിക്കുകയും വെളിച്ചത്തെ വെറുക്കുകയും ചെയ്യുന്ന ഒരു മൂലകമുണ്ട്. മനുഷ്യൻ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചത് അല്ലാത്തവനായി മനുഷ്യൻ. ദൈവമില്ലാത്ത മനുഷ്യൻ പാപത്തിൽ തുടരുകയും, ദൈവത്തെ ബന്ധപ്പെടുന്നതിനും ഉൾക്കൊള്ളുന്നതിനുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഭാഗമായ തന്റെ ആത്മാവിൽ മരിച്ചവനാകുകയും ചെയ്തു. മനുഷ്യൻ മാനസാന്തരപ്പെടുന്നില്ലെങ്കിൽ, അവൻ നിത്യതയിൽ സാത്താനോടുകൂടെ തുടരുവാൻ വിധിക്കപ്പെട്ടിരിക്കുന്നു.

ദൈവത്തിന്റെ രക്ഷ

എന്നാൽ കരുണയിൽ സമ്പന്നനായ ദൈവം, മനുഷ്യനെ സ്നേഹിക്കുന്ന തന്റെ വലിയ സ്നേഹം നിമിത്തം, താൻ സൃഷ്ടിച്ച മനുഷ്യൻ സാത്താന്റെ ഇരയായിത്തീരുകയും സാത്താനോടുകൂടെ തീപ്പൊയ്കയിൽ അവസാനിക്കുകയും ചെയ്യുന്നതു കാണാൻ ഇഷ്ടപ്പെടുന്നില്ല. ഇൗ സ്നേഹമാണ് ഇരയാക്കപ്പെട്ട മനുഷ്യരാശിയുമായി ചേരുവാനും, മനുഷ്യനെ നാശത്തിൽനിന്നും രക്ഷപ്പെടുത്താനുള്ള തികഞ്ഞ പകരക്കാരനായി മരിക്കുവാനും ഒരു മനുഷ്യനായിത്തീരുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് (റോമർ 5:8). അവൻ തന്നിൽ വിശ്വസിക്കുകയും തന്നെ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ജീവൻ നൽകുന്നതിനായി ജീവൻ നൽകുന്ന ആത്മാവായിത്തീരുന്നതിന് ഉയിർത്തെഴുന്നേറ്റു (റോമർ 4:25), (1 യോഹന്നാൻ 5:12).

നിങ്ങൾ അവനെ നിങ്ങളിലേക്കു സ്വീകരിക്കുമ്പോൾ, അവൻ ദൈവത്തിന്റെ ജീവനെ നിങ്ങളിലേക്കു കൊണ്ടുവരും. ദൈവം നിങ്ങളുടെ ജീവനായിരിക്കുകയും നിങ്ങളുമായി ഒന്നായിരിക്കുകയും ചെയ്യും (1 കൊരിന്ത്യർ 6:17). പിന്നെ, നിങ്ങളുടെ മുഴുവൻ ആളത്തത്തെയും നിറയ്ക്കുന്നതിന് നിങ്ങളിൽ വളരുവാൻ നിങ്ങൾ അവനെ അനുവദിക്കണം. നിങ്ങളുടെ ജനനം മുതൽ നിങ്ങളിൽ ഉണ്ടായിരുന്ന സാത്താന്യ സ്വഭാവത്തിൽനിന്നും ഇതു നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളിൽ എത്രത്തോളം വളരുന്നുവോ, അത്രത്തോളം നിങ്ങൾ സാത്താന്റെ സ്വേച്ഛാധിപത്യത്തിൽനിന്നും സ്വതന്ത്രരായിരിക്കും. ദൈവം സ്നേഹിക്കുന്നതുപോലെ നിങ്ങൾ സ്നേഹിക്കും. ദൈവം നീതിമാനായിരിക്കുന്നതുപോലെ നിങ്ങൾ നീതിമാനായിരിക്കും. സ്നേഹം, വെളിച്ചം, വിശുദ്ധി, നീതി, ദയ മുതലായ എല്ലാ ദൈവിക സദ്ഗുണങ്ങളും നിങ്ങൾ ആവിഷ്കരിക്കും. ദൈവത്തോടുകൂടെയും, ദൈവത്തിലും, ദൈവവുമായി ഒന്നായും ഭൂമിയിൽ ജീവിച്ചതിനുശേഷം, നിങ്ങൾ തീർച്ചയായും ന്യായവിധിയിൽ അംഗീകരിക്കപ്പെട്ടിരിക്കും (യോഹന്നാൻ 14:20). ഇൗ ഭൗതിക ജീവിതത്തിൽ നിങ്ങൾ ഇതിനകം തന്നെ അവന്റെ നിത്യജീവൻ ആസ്വദിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾക്ക് തീർച്ചയായും ദൈവത്തോടുകൂടെ ഒരു ജീവിതം ഉണ്ടായിരിക്കും (വെളിപ്പാട് 22:5,7).

നിങ്ങൾ ഇതുവരെയും ദൈവത്തിലേക്കു തിരിഞ്ഞ് യേശുക്രിസ്തു മുഖാന്തരം അവന്റെ ജീവൻ സ്വീകരിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ജീവിതം ഇപ്പോഴും സാത്താനാൽ നിറഞ്ഞിരിക്കുന്നു, നിങ്ങൾ കുറ്റംവിധിക്കപ്പെട്ടു കഴിഞ്ഞു (യോഹന്നാൻ 8:44), (എഫെസ്യർ 2:12), (മത്തായി 25:41), (റോമർ 1:28). നിങ്ങൾ എത്രതന്നെ നന്മ ചെയ്യാൻ ശ്രമിച്ചാലും അതിൽ കാര്യമില്ല, നിങ്ങൾ ഒരിക്കലും അത്ര നല്ലവരായിരിക്കയില്ല. ചിലപ്പോൾ നിങ്ങൾ നീതിമാനായിരിക്കാം, എന്നാൽ എപ്പോഴുമല്ല. നിങ്ങൾ എല്ലാവരോടും സ്നേഹം പ്രകടിപ്പിച്ചേക്കാം, എന്നാൽ അവരിൽ ചിലരെ നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ രഹസ്യമായി വെറുക്കുന്നുണ്ടാകും. ഇങ്ങനെ സംഭവിക്കുന്നത്, നിങ്ങൾക്ക് നേരായ ഒരു വ്യക്തിയായിരിക്കുവാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല, പിന്നെയൊ, നിങ്ങൾക്ക് ദിവ്യജീവന്റെ ശാക്തീകരണത്തിന്റെ കുറവുള്ളതുകൊണ്ടാണ്. ദൈവം ദൈവവും സാത്താൻ സാത്താനുമാണ്. നിങ്ങൾക്ക് സാത്താൻ ഉണ്ടായിരിക്കുകയും ദൈവം ഇല്ലാതിരിക്കുകയും ആണെങ്കിൽ, ഇൗ ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് പൂർണനായിരിക്കുവാൻ കഴിയില്ല, ന്യായവിധിക്കുശേഷം നിങ്ങൾ തീർച്ചയായും സാത്താനോടുകൂടെ തീപ്പൊയ്കയിലായിരിക്കും. നിങ്ങളുടെ ഉള്ളിൽ ദൈവം ജീവിക്കുന്നുവെങ്കിൽ, ഇൗ ജീവനിൽ ദൈവം പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും ആയിരിക്കുകയും, നിങ്ങൾ തീർച്ചയായും ദൈവത്തോടുകൂടെയും നിത്യമായി ദൈവവുമായി ഒന്നായിരിക്കുകയും ചെയ്യും (1 തെസ്സലൊനീക്യർ 1:9-10), (ഉല്പത്തി 2:9), (ആവർത്തനം 30:19). നിങ്ങൾക്കാവശ്യമായിരിക്കുന്നത് യേശുവിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അവനെ സ്വീകരിക്കുകയും, നിങ്ങൾ ഒരു പാപിയാണെന്നും നിങ്ങളുടെ രക്ഷയായി നിങ്ങൾക്കവനെ ആവശ്യമാണെന്നും സമ്മതിക്കുകയുമാണ് (റോമർ 5:19), (റോമർ 7:20), (റോമർ 3:23), (റോമർ 6:23), (യോഹന്നാൻ 4:24), (യോഹന്നാൻ 3:19), (യോഹന്നാൻ 12:46).

ഇങ്ങനെ പ്രാർഥിക്കുക: "കർത്താവായ യേശുവേ, അങ്ങ് എന്നെ സൃഷ്ടിച്ചുവെന്ന് ഞാൻ അറിയുന്നു. എന്നിൽ പാപമുണ്ടെന്നും അങ്ങയുടെ ജീവൻ ഇല്ലെന്നും ഞാൻ അറിയുന്നു. അങ്ങ് എനിക്കുവേണ്ടി മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവായ യേശുവേ, എന്റെ ജീവനായിരിക്കുവാൻ എന്നിലേക്കു വരേണമേ. ഇന്നും എന്നേക്കും അങ്ങയോടുകൂടെയായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.''

പിന്നെ നിങ്ങൾ അവനിലേക്കു വളരുകയും ദൈവജനവുമായി പണിയപ്പെടുകയും ചെയ്യത്തക്കവണ്ണം നിങ്ങൾ ബൈബിൾ വായിക്കുകയും, എല്ലാ ദിവസവും പ്രാർത്ഥിക്കുകയും, വിശ്വാസികളുമായി ഒരുമയിൽ സന്ധിക്കുകയും വേണം (1 പത്രൊസ് 2:2), (എഫെസ്യർ 4:15), (1 യോഹന്നാൻ 3:14), (മർക്കോസ് 10:18), (ഫിലിപ്പിയർ 4:13), (മത്തായി 5:48), (റോമർ 10:13). ഇതിനാൽ, നിങ്ങളുടെ ഭാഗധേയത്തെക്കുറിച്ചുള്ള ഉറപ്പ് നിങ്ങൾക്കുണ്ടായിരിക്കും (പ്രവൃ.2:28).


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക