എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം

എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം

കര്‍ത്താവായ യേശു ഭൂമിയിലായിരുന്നപ്പോള്‍ വരുവിന്‍: എന്ന ക്ഷണിക്കുന്ന ഒരു വാക്ക് അവന്‍ പലപ്പോഴും ഉച്ഛരിക്കാറുണ്ടായിരുന്നു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം”  (മത്താ.11:28). “ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലയോ.” (മര്‍ക്കൊ.10:14) “ ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ.” (യോഹ.7:37). കര്‍ത്താവ് ഏപ്പോഴും നമ്മെ വിശ്രമത്തിനും ജീവനും വേണ്ടി അവന്‍റെ അടുത്തേക്ക് ക്ഷണിക്കുന്നു.

കര്‍ത്താവ് തന്‍റെ ഭാഗത്തുനിന്നും നമ്മോട് വരുവാന്‍ കൃപയോടെ ആവശ്യപ്പെടുന്നു എന്നത് മാത്രമല്ല, നാം നമ്മുടെ ഭാഗത്തു നിന്നും കഠിനാധ്വാനത്തിന്‍റെ ഭാരം നിമിത്തം വരേണ്ടതായ ഒരു ആവശ്യവും ഉണ്ട്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠ, രോഗങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നുമുള്ള ഉത്ക്കണ്ഠ, തത്ഫലമായുണ്ടാകുന്ന അരാജകത്വം, ഭീകരവാദ ഭീഷണിയില്‍ നിന്നുള്ള ഉത്ക്കണ്ഠ, അനിശ്ചിതാവസ്ഥയിലുള്ള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഉത്ക്കണ്ഠ എന്നിവ നമ്മുടേതാണ്. ഞങ്ങള്‍ക്ക് ജോലിയില്‍ തുടരുവാന്‍ കഴിയുമോയെന്ന് നാം ആകുലപ്പെടുന്നു, നമുക്ക് ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിക്കുമോ എന്ന് നാം ചിന്തിക്കുന്നു. നമ്മുടെ കുട്ടികള്‍ ഏതു തരത്തിലുള്ള ലോകമാണ് അവകാശമാക്കുന്നതോര്‍ത്ത് നാം ആശങ്കപ്പെടുന്നു. ഓ, ഇത്രയധികം ഭാരങ്ങളില്‍ നിന്നും ഉത്ക്കണ്ഠകളില്‍ നിന്നും നാം എങ്ങനെ രക്ഷപ്പെടും!

പാപത്തിന്‍റെ പ്രശ്നം കാരണം, നമുക്കും കടന്നുവരേണ്ടതായ ഒരു ആവശ്യം ഉണ്ട്. ഈ പ്രപഞ്ചത്തില്‍ ഒരു വിശുദ്ധ ദൈവം ഉണ്ടെന്നും, നാം നേരുള്ളതും ധാര്‍മ്മികവുമായ ഒരു ജീവിതം നയിക്കണമെന്നും നമ്മുടെ മനഃസാക്ഷിയില്‍ നമുക്ക് അറിയാം. എന്നാല്‍ ഒരു പ്രശ്നമുള്ളത്--നമുക്ക് അത് ഉണ്ടാക്കിയെടുക്കുവാന്‍ കഴിയില്ല എന്നതാണ്. നാം ദൈവത്തിനെതിരെയും മനുഷ്യര്‍ക്കെതിരെയും എണ്ണമറ്റ തവണ പാപം ചെയ്തു. അപ്പോള്‍ നമുക്ക് എങ്ങനെ കടന്നുവരാം? നമുക്ക് കടന്നുവരുന്നതിന് യേശു എന്താണ് ആവശ്യപ്പെടുന്നത്?

യേശുവിന് ഒന്നും ആവശ്യമില്ല എന്നാണ്, ഒന്നുമില്ല!—എന്ന ഒറ്റ വാക്കില്‍ അടങ്ങിയിട്ടുള്ളത്. കാരണം, നമുക്ക് വരുവാന്‍ അവന്‍ ഒരു സമ്പൂര്‍ണ വ്യവസ്ഥ ചെയ്തിട്ടുണ്ട്. “നാം എല്ലാവരും ആടുകളെപോലെ തെറ്റിപോയിരുന്നു. നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ [യേശുവിന്‍റെമേല്‍] ചുമത്തി” എന്ന് വേദപുസ്തകം പറയുന്നു (യെശ.53:6).  നമ്മുടെ പാപങ്ങളുടെ മുഴുവന്‍ ശിക്ഷയും അവന്‍ വഹിച്ചതിനാല്‍ നമ്മില്‍ നിന്ന് ഒന്നും ആവശ്യമില്ല. യേശു തന്‍റെ രക്തം ചൊരിയുകയും നമുക്കുവേണ്ടി എല്ലാം വഹിക്കുകയും ചെയ്തതിനാല്‍ നാം ഇനി നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിക്കുന്നില്ല! അവന്‍ കടം വീട്ടിയതുകൊണ്ട്, നാം കടന്നുവരുമ്പോള്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കും. തുടര്‍ന്ന് അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും ജീവന്‍ നല്കുന്ന ആത്മാവായിത്തീരുകയും ചെയ്തു (1 കൊരി.15:45). അങ്ങനെ അവന് നമ്മിലേക്ക് വരുവാനും നമ്മുടെ ആന്തരിക സമാധാനവും വിശ്രമവും ആയിത്തീരുവാനും കഴിയും.

കർത്താവായ യേശു സൽപ്രവൃത്തികൾ ആവശ്യപ്പെടുന്നില്ല; അവൻ നല്ല സ്വഭാവം ആവശ്യപ്പെടുന്നില്ല; യോഗ്യതയുടെ തെളിവുകളും അവന്‍ ചോദിക്കുന്നില്ല--"വരൂ" എന്നുമാത്രം അവന്‍ പറയുന്നു. അവന്‍റെ അടുക്കല്‍ വരുന്നവർക്ക് നിരുപാധികമായ വാഗ്ദാനം അവന്‍ നൽകുകയും ചെയ്യുന്നു. “എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരു നാളും തള്ളിക്കളയുകയില്ല” (യോഹ.6:37). നാം ഇനി ചെയ്യേണ്ടത് അവന്‍റെ അടുക്കല്‍ വരുകയാണ്. വരുക എന്നത് എന്താണ് അര്‍ഥമാക്കുന്നത്? വരുക എന്നത് കര്‍ത്താവിനോട് അടുത്തുവരുക എന്നാണ്. വരുക എന്നത് അവനെ വിളിക്കുക എന്നാണ്. വരുക എന്നത് അവനിലേക്ക് വിശ്വസിക്കുകയും, അവനെ സ്വീകരിക്കുകയും ചെയ്യുകയാണ്.

നിങ്ങള്‍ ഇപ്പോള്‍തന്നെ കടന്നുവരുവാന്‍ കര്‍ത്താവ് കാത്തിരിക്കുന്നു. ഇപ്പോഴുള്ള പാപങ്ങളുമായി നിങ്ങള്‍ വരൂ. ഇപ്പോഴുള്ള ഭയവുമായി നിങ്ങള്‍ കടന്നു വരൂ. നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്നതുപോലെ തന്നെ വരൂ. തന്നെത്താന്‍ നന്നാകുവാന്‍ കാത്തിരിക്കേണ്ടതില്ല—ആ ദിനം ഒരിക്കലും വരില്ല. നമുക്കുവേണ്ടിയുള്ള യേശുവിന്‍റെ മരണം നമ്മുടെ എല്ലാ കുറവുകളും നികത്തിയിരിക്കുന്നു. അതുകൊണ്ട് കാത്തിരിക്കേണ്ടതില്ല—ഉടന്‍ വരുക. നിങ്ങള്‍ വരുന്നുവെങ്കില്‍, നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഹൃദയം തുറന്ന് അവനോട് കരയുന്നുവെങ്കില്‍, അവന്‍ നിങ്ങളെ സ്വീകരിക്കും. അവന്‍റെ വാഗ്ദാനം എന്നേക്കും ഉറപ്പുള്ളതാണ്—“എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരു നാളും തള്ളിക്കളയുകയില്ല.”  അതുകൊണ്ട് വരുവിന്‍.

“കര്‍ത്താവായ യേശുവേ, ഞാന്‍ ഒരു പാപിയാണെന്ന് ഏറ്റുപറയുന്നു. ഞാന്‍ ഭയവും സംശയങ്ങളും ഉള്ളവനാണെന്ന് ഏറ്റുപറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നിലേക്ക് വരുന്നു. നിന്‍റെ വിലയേറിയ രക്തത്താല്‍ എന്‍റെ പാപങ്ങളില്‍നിന്നും എന്നെ കഴുകേണ്ടതിനായി ഞാന്‍ നിന്നോട് ആവശ്യപ്പെടുകയും, നീ എന്നെ ഒരിക്കലും തള്ളിക്കളയുകയില്ല എന്ന നിന്‍റെ വാഗ്ദത്തത്തില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ, ഞാന്‍ ആയിരിക്കുന്നതുപോലെതന്നെ ഞാന്‍ നിന്‍റെ അടുക്കല്‍ വരുകയും, നീ എന്നെ സ്വീകരിക്കുമെന്ന നിന്‍റെ വചനത്തെ ഞാന്‍ അറിയുകയും ചെയ്യുന്നു. എന്നിലേക്ക് വരുവാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. കര്‍ത്താവായ യേശുവേ, നീ എന്‍റെ വിശ്രമം ആകുവാന്‍ ഞാന്‍ വന്നിരിക്കുന്നു.”


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക